Thursday, October 3, 2013

മംഗല്‍യാന്‍ വിക്ഷേപണം ഒക്ടോബര്‍ 28ന്



തിരു: ചൊവ്വാഗ്രഹ പര്യവേക്ഷണത്തിനായുള്ള ഐഎസ്ആര്‍ഒയുടെ ഉപഗ്രഹം ഒക്ടോബര്‍ 28ന് വിക്ഷേപിച്ചേക്കും. കാലാവസ്ഥയടക്കമുള്ള സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ അന്ന് വൈകിട്ട് 3.30നും നാലിനുമിടയില്‍ വിക്ഷേപണം നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് എക്സ്എല്‍ ശ്രേണിയിലുള്ള കരുത്തേറിയ പിഎസ്എല്‍വി സി-25 റോക്കറ്റാണ് മംഗല്‍യാന്‍ ഉപഗ്രഹത്തെ താല്‍ക്കാലിക ഭ്രമണപഥത്തിലെത്തിക്കുക. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയുള്ള ലോഞ്ച് വിന്റോയില്‍ ഏറ്റവും സൗകര്യപ്രദമായ ദിവസമാണ് വിക്ഷേപണത്തിന് തെരഞ്ഞെടുക്കുക.

നേരത്തെ 21ന് വിക്ഷേപിക്കാനാണ് നിശ്ചയിച്ചത്. അടുത്ത മാസം ആദ്യ വാരത്തോടെ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെത്തിച്ച് റോക്കറ്റിലുറപ്പിക്കും. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതടക്കമുള്ള വിപുലമായ പര്യവേക്ഷണ ലക്ഷ്യങ്ങളാണ് മംഗല്‍യാനുള്ളത്. ചൊവ്വയുടെ ഉപരിതലം, അന്തരീക്ഷം, ലോഹ, ജല സാന്നിധ്യം തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും. ചൊവ്വയെച്ചുറ്റി ആറുമാസം ഉപഗ്രഹം വിവരങ്ങള്‍ ശേഖരിക്കുകയും ചിത്രങ്ങളെടുക്കുകയുംചെയ്യും. 450 കോടിയാണ് പദ്ധതിച്ചെലവ്.

No comments:

Post a Comment