Friday, October 11, 2013

ചൊവ്വ വിളിക്കുന്നു...,,,,,,,,,,,,, ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ എസ്.




ചൊവ്വയെ വലംവെക്കുന്ന ഒരു ഉപഗ്രഹം അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ രാജ്യവും. ഈ ഒക്ടോബര്‍ അവസാനം ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹം മുന്നൂറോളം ദിവസങ്ങള്‍ യാത്രചെയ്ത് 2014 സപ്തംബറില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും


ഭൂമിയിലെപ്പോലെ ചൊവ്വയിലും ഋതുക്കള്‍ ഉണ്ടാകുന്നു. ഭൂമിയിലെപ്പോലെ വാസയോഗ്യമല്ലെങ്കിലും ചൊവ്വയിലും ഒരു അന്തരീക്ഷമുണ്ട്


സംസ്‌കൃത ഭാഷയില്‍ 'മംഗള' എന്നറിയപ്പെടുന്ന ഗ്രഹമാണ് ചൊവ്വ അഥവാ ആംഗലഭാഷയിലെ മാര്‍സ്. ചൊവ്വയ്ക്ക് കുജന്‍, അംഗാരകന്‍, കനകന്‍, വക്രന്‍, രക്തന്‍ തുടങ്ങി പതിനൊന്നോളം പര്യായങ്ങള്‍ ഉണ്ട്. രാത്രിയില്‍ ആകാശത്ത് ചുവന്നനിറത്തില്‍, നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാവുന്ന ഗ്രഹമാണ് ചൊവ്വ. അംഗാരകന്‍, രക്തന്‍ തുടങ്ങി പലപേരുകള്‍ക്കും കാരണം ചൊവ്വയുടെ ഈ ചുവന്നുതുടുത്ത നിറമാണ്. ചൊവ്വയുടെ ഉപരിതലത്തില്‍ ധാരാളമായി കാണുന്ന ഇരുമ്പുമിശ്രിതങ്ങളാണ് ചുവന്നനിറത്തിന് കാരണം.
പൗരാണികഗ്രീസുകാര്‍ ചൊവ്വയെ യുദ്ധത്തിന്റെ ദേവനായാണ് കരുതിയിരുന്നത്. യുദ്ധവും ശോണനിറത്തിന് കാരണമാണല്ലോ. ഭാരതീയര്‍ 'ഭൂമിപുത്രന്‍' എന്നര്‍ഥംവരുന്ന 'ഭൗമ' എന്നും ചൊവ്വയെ വിളിക്കുന്നു. ഹൈന്ദവപുരാണങ്ങളില്‍ നാലുകൈകളുള്ള ശൂലപാണിയും അഗ്‌നിവര്‍ണവുമുള്ള ദേവനായാണ് ചൊവ്വയെ ചിത്രീകരിച്ചിരിക്കുന്നത്. ഒരിക്കല്‍ കൈലാസാധിപനായ പരമശിവന്‍ അഗാധമായ ധ്യാനത്തില്‍ മുഴുകിയപ്പോള്‍, അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് മൂന്നുതുള്ളി വിയര്‍പ്പുകണങ്ങള്‍ അടര്‍ന്ന് ഭൂമിയില്‍ പതിച്ചു. ഈ വിയര്‍പ്പുതുള്ളികളില്‍നിന്ന് സുന്ദരനായ ഒരു കുട്ടി ഉണ്ടായി. ഈ കുട്ടിയെ വളര്‍ത്താന്‍ ഭൂമിദേവിയെ ഏല്‍പ്പിച്ചു. അങ്ങനെയാണ് ചൊവ്വ ഭൂമികുമാരനായി മാറിയത്. ഭൗമ വളര്‍ന്നപ്പോള്‍ കാശിയില്‍ പോയി കഠിനതപസ്സനുഷ്ഠിച്ച് പരമശിവനെ പ്രീതിപ്പെടുത്തുകയും അദ്ദേഹം 'മംഗളലോകം' ഭൗമന് നല്‍കുകയുംചെയ്തു എന്നാണ് പുരാണം.
ജ്യോതിഷശാസ്ത്രത്തിലെ രാശിചക്രത്തില്‍ നവഗ്രഹങ്ങളില്‍ ഒന്നായി 'ചൊ' എന്നോ 'കു' (കുജന്‍) എന്നോ ഉള്ള ചുരുക്കെഴുത്തില്‍ ചൊവ്വയെ അടയാളപ്പെടുത്തിയിരിക്കുന്നു. ചൊവ്വ ഇപ്പോള്‍ കര്‍ക്കടകരാശിയിലാണ് സ്ഥിതിചെയ്യുന്നത്. സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ പേരിലാണല്ലോ മലയാള വര്‍ഷത്തിലെ മാസം അറിയപ്പെടുന്നത്. കന്നിമാസത്തില്‍ സൂര്യന്‍ കന്നിരാശിയിലായിരിക്കും. ഒരു ദിവസം പന്ത്രണ്ടുരാശികളും (ചിങ്ങംമുതല്‍ കര്‍ക്കടകംവരെ) ഭൂമിക്കുചുറ്റും ഒരുതവണ ചുറ്റും. അതുകൊണ്ട് കന്നിമാസത്തില്‍ സൂര്യനസ്തമിക്കുന്നതിനുമുമ്പ് ചൊവ്വ നില്‍ക്കുന്ന കര്‍ക്കടകരാശി അസ്തമിക്കും. പകലായതുകൊണ്ട് ചൊവ്വയെ അസ്തമയത്തിന് മുമ്പ് കാണാന്‍ പറ്റില്ല. എന്നാല്‍, പ്രഭാതത്തില്‍, കര്‍ക്കടകം രാശി സൂര്യനുദിക്കുന്നതിന് മുമ്പ് ഉദിച്ചുയരുന്നതാകയാല്‍ ചൊവ്വയെ സൂര്യോദയത്തിനുമുമ്പ് ഇപ്പോള്‍ കാണാന്‍ കഴിയും.

ശാസ്ത്രലോകം വളരെ താത്പര്യത്തോടെ നിരീക്ഷിക്കുന്ന ഗ്രഹമാണ് ചൊവ്വ. ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ പലതരം സമാനതകളും ചൊവ്വയ്ക്കുണ്ട്. ഭൂമിയിലും ചൊവ്വയിലും ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം ഏറെക്കുറെ ഒരുപോലെയാണ്. ഭൂമിയില്‍ ഏകദേശം 24 മണിക്കൂര്‍ ഉള്ള ഒരുദിവസം ചൊവ്വയില്‍ 24 മണിക്കൂറും 40 മിനിറ്റും ആണ്. ഭൂമിയുടേതുപോലെതന്നെ ചൊവ്വയുടെയും അച്ചുതണ്ട് സൂര്യന്‍ സഞ്ചരിക്കുന്ന പ്രതലവുമായി താരതമ്യംചെയ്യുമ്പോള്‍ ചരിഞ്ഞിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇതുകൊണ്ട് ഭൂമിയിലെപ്പോലെ ചൊവ്വയിലും ഋതുക്കള്‍ ഉണ്ടാകുന്നു. ഭൂമിയിലെപ്പോലെ വാസയോഗ്യമല്ലെങ്കിലും ചൊവ്വയിലും ഒരു അന്തരീക്ഷമുണ്ട്. വളരെ നേര്‍ത്ത ചൊവ്വയിലെ അന്തരീക്ഷത്തില്‍ 95 ശതമാനത്തില്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓകൈ്‌സഡ് ആണെന്നുമാത്രം! ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഓക്‌സിജനാകട്ടെ പത്തിലൊരു ശതമാനത്തിനടുത്തുമാത്രവും. ഭൂമിയിലെപ്പോലെ അഗ്‌നിപര്‍വതങ്ങളുണ്ട്. കൊടുങ്കാറ്റുകള്‍ വീശിയടിക്കുന്ന പ്രകൃതമാണ് ചൊവ്വയിലും. അതുപോലെതന്നെ, ചൊവ്വയുടെ ആന്തരഭാഗം ഭൂമിയുമായി സാമ്യമുള്ളതാവാനാണ് സാധ്യതയെന്നാണ് ശാസ്ത്രമതം.

ഭൂമിയെ അപേക്ഷിച്ച് ചൊവ്വയുടെ വ്യാസം ഏതാണ്ട് 53 ശതമാനം മാത്രമേയുള്ളൂ. അതായത് 6,779 കി.മീ. അതുകൊണ്ടുതന്നെ ചൊവ്വയിലെ ഗുരുത്വാകര്‍ഷണം ഭൂമിയുടെ 38 ശതമാനമേയുള്ളൂ. അതായത് ഭൂമിയില്‍ 70 കിലോ ഭാരമുള്ള ഒരാള്‍ക്ക് ചൊവ്വയില്‍ വെറും 26 കിലോ ഭാരമേ ഉണ്ടാകുകയുള്ളൂ.
ഭൂമിയിലെ അന്തരീക്ഷമര്‍ദം ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചൊവ്വയിലെ അന്തരീക്ഷ മര്‍ദമാവട്ടെ ഭൂമിയുമായി തട്ടിച്ചുനോക്കുമ്പോള്‍ 0.7 ശതമാനം മാത്രമേയുള്ളൂ. ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് പതിക്കുന്ന വസ്തുക്കള്‍, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അതിവേഗത്തില്‍ പോകുമ്പോഴുണ്ടാകുന്ന ഘര്‍ഷണത്തില്‍ കത്തിനശിക്കുന്നു. ചൊവ്വയിലെ നേരിയ അന്തരീക്ഷത്തിന് ഇത്തരം സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ല എന്നുള്ളത് ചൊവ്വയെ വാസയോഗ്യമാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ചൊവ്വ ഭൂമിയെ അപേക്ഷിച്ച് വളരെ തണുത്ത അവസ്ഥയിലാണ്. ഇതിനുകാരണം ചൊവ്വ സൂര്യനില്‍നിന്ന് വളരെ അകലെ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ടാണ്. ചൊവ്വയിലെ ശരാശരി താപനില പൂജ്യത്തിനും താഴെ 60 ഡിഗ്രി സെന്റിഗ്രേഡാണ്. എന്നാല്‍, മധ്യരേഖയ്ക്കടുത്ത് താപനില 20 ഡിഗ്രി സെന്റിഗ്രേഡ് വരെ എത്താറുണ്ട്. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍വെച്ച് ഏറ്റവും കൂടുതല്‍ പൊടിക്കാറ്റ് (ഒുീറ ീറ്ിൗ) ഉണ്ടാകുന്നത് ചൊവ്വയിലാണ്. സൗരയൂഥത്തിലെ ഏറ്റവും ഉയര്‍ന്ന മലനിരകളും ഏറ്റവും വിസ്തൃതമായ താഴ്‌വരകളും നിറഞ്ഞതാണ് ചൊവ്വയുടെ ഉപരിതലം. 27 കിലോമീറ്റര്‍ ഉയരമുള്ള ഒളിമ്പസ് മോണ്‍സ്, എവറസ്റ്റിനേക്കാള്‍ മൂന്നിരട്ടി ഉയരമുള്ള പര്‍വതമാണ്. ചൊവ്വയുടെ ധ്രുവങ്ങളില്‍ തണുത്തുറഞ്ഞ മഞ്ഞുരൂപത്തില്‍ ജലസാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ അനുമാനിക്കുന്നു. ഉപരിതലത്തില്‍ കാണുന്ന ചാലുകള്‍ ഒരുകാലത്ത് വെള്ളം ഒഴുകിയതിന്റെ പാടുകളാണെന്നും കരുതുന്നു.

ചൊവ്വയ്ക്ക് രണ്ട് ഉപഗ്രഹങ്ങള്‍ ഉണ്ട്. ഫോബോസും ഡീ മോസും. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ അപേക്ഷിച്ച് ഇവ രണ്ടും വളരെ ചെറുതാണ്. ഫോബോസിന് 27 കിലോമീറ്ററും ഡീമോസിന് 15 കിലോമീറ്ററും ആണ് ദൈര്‍ഘ്യം. രണ്ട് ഉപഗ്രഹങ്ങളും ഗോളാകൃതിയിലല്ല. ചൊവ്വയുടെ ഉപഗ്രഹങ്ങള്‍ വളരെ ചെറുതായതിനാല്‍ ഗോളാകൃതി ആവാനുള്ള ഗുരുത്വാകര്‍ഷം അവയ്ക്കില്ല.
ചന്ദ്രന്‍ ഭൂമിയില്‍നിന്ന് ശരാശരി 3,80000-ല്‍ അധികം കിലോമീറ്റര്‍ ദൂരത്തിലാണ്. എന്നാല്‍, ചൊവ്വ ഭൂമിയില്‍നിന്ന് ശരാശരി ഇരുപത്തിരണ്ട് കോടി അമ്പതുലക്ഷം കിലോമീറ്റര്‍ അകലെയാണ്. അതായത് ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ 585 മടങ്ങിലധികമാണ് ചൊവ്വയിലേക്കുള്ള ദൂരം. ഏതാണ്ട് 687 ദിവസങ്ങള്‍ കൊണ്ടാണ് ചൊവ്വ സൂര്യനെ ഒരുതവണ ചുറ്റുന്നത്. ചൊവ്വയുടെ സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിന്റെ പ്രത്യേകത കാരണം, ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം ഏറ്റവും കുറഞ്ഞ 5 കോടി 46 ലക്ഷം കിലോമീറ്റര്‍ മുതല്‍ ഏറ്റവും കൂടുതലായ 40 കോടി പത്തുലക്ഷം കിലോമീറ്റര്‍ വരെ ആകും.
ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ കുറഞ്ഞ ഊര്‍ജം ഉപയോഗിച്ച് വിക്ഷേപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ അവസരം ചൊവ്വയും ഭൂമിയും ഏറ്റവും അടുത്തുവരുന്ന സന്ദര്‍ഭത്തിലാണ്. ഈ അവസരം ഓരോ 780 ദിവസങ്ങള്‍ കഴിയുമ്പോഴേ ലഭിക്കുകയുള്ളൂ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഒരിക്കല്‍ വിക്ഷേപിക്കാനുള്ള അവസരം നഷ്ടപ്പെട്ടാല്‍ അടുത്ത അവസരത്തിനായി രണ്ടുവര്‍ഷവും രണ്ടുമാസവും കാത്തിരിക്കേണ്ടിവരും.

ചൊവ്വയിലേക്ക് കൃത്രിമ ഉപഗ്രഹങ്ങളെ അയയ്ക്കുക എന്നത് വളരെ ദുഷ്‌കരമായ ദൗത്യമാണ്. ചന്ദ്രനിലേക്ക് പോകുന്നതിനേക്കാള്‍ പതിന്മടങ്ങ് സങ്കീര്‍ണമാണ് ചൊവ്വയിലേക്കുള്ള യാത്ര. 1960-കളില്‍ ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ തുടങ്ങിയിരുന്നു. ഇതില്‍ ഭൂരിഭാഗ ദൗത്യങ്ങളും പരാജയപ്പെട്ടിരുന്നു. നാളിതുവരെ 41 ദൗത്യങ്ങള്‍ ചൊവ്വയെ ലക്ഷ്യമാക്കി പുറപ്പെട്ടെങ്കിലും ഇതില്‍ 15 എണ്ണം മാത്രമേ പൂര്‍ണവിജയങ്ങളായിരുന്നുള്ളൂ. അതായത് 36 ശതമാനം മാത്രം. 26 പരാജയദൗത്യങ്ങള്‍, ഇതില്‍ പലതും ഈ അടുത്തകാലത്ത് നടന്ന ദൗത്യങ്ങളാണ്. റഷ്യ അയച്ച 19 എണ്ണത്തില്‍ 14 എണ്ണവും പരാജയമായിരുന്നു. വിജയശതമാനം 26 മാത്രം. ഇതില്‍ അവസാനം പരാജയപ്പെട്ട വിക്ഷേപണം നടന്നത് 2011 നവംബറിലാണ്. ഫോബോസ്-ഗ്രന്റ് എന്ന ദൗത്യം.
1964-ല്‍ അമേരിക്ക വിക്ഷേപിച്ച മറൈനര്‍-4 ആണ് ചൊവ്വയുടെ അടുത്തെത്തിയ ആദ്യത്തെ കൃത്രിമ ഉപഗ്രഹം. ചൊവ്വയെ ആദ്യമായി വലംവെച്ച ഉപഗ്രഹമാകട്ടെ 1971-ല്‍ അമേരിക്ക വിക്ഷേപിച്ച മറൈനര്‍-9 ആണ്. 1976-ല്‍ അമേരിക്ക വിക്ഷേപിച്ച വൈക്കിങ്-1 ആണ് ആദ്യമായി ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങിയ മനുഷ്യന്‍ നിര്‍മിച്ച പേടകം. അമേരിക്കയുടെ തന്നെ സോജേണര്‍ എന്ന കൃത്രിമവാഹനം 1996-ല്‍ ചൊവ്വയുടെ ഉപരിതലത്തിലൂടെ യാത്രചെയ്ത് ഗവേഷണം നടത്തി. 2001-ല്‍ അമേരിക്കയുടെ മാര്‍സ് ഒഡീസി ദൗത്യം ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ ധാരാളം മഞ്ഞുപാളികള്‍ ഉണ്ടെന്ന് കണ്ടുപിടിച്ചു. 2003-ല്‍ അമേരിക്കയുടെ 'സ്​പിരിറ്റും' 'ഓപ്പര്‍ച്യൂണിറ്റി'യും ചൊവ്വയിലൂടെ യാത്രചെയ്ത്, ചൊവ്വയുടെ വിവിധപ്രദേശങ്ങളില്‍ ഗവേഷണംനടത്തി അവിടെ ഒരുകാലത്ത് ജലസ്രോതസ്സുകള്‍ ഉണ്ടായിരിക്കാമെന്നും കണ്ടുപിടിച്ചു. ഏറ്റവും അവസാനം അമേരിക്ക അയച്ച ദൗത്യം 2011 നവംബറിലെ മാര്‍സ് സയന്‍സ് ലബോറട്ടറി എന്ന ചൊവ്വയെ വലംവെക്കുന്ന കൃത്രിമ ഉപഗ്രഹവും ചൊവ്വയിലിറങ്ങി ഇപ്പോഴും സഞ്ചരിച്ച് ഗവേഷണം നടത്തുന്ന ക്യൂരിയോസിറ്റി എന്ന റോബോട്ടിക് വാഹനവുമാണ്.

അമേരിക്കയും റഷ്യയും ഒഴികെ മറ്റൊരുരാജ്യവും ഇതുവരെ ചൊവ്വയിലിറങ്ങുന്ന പേടകങ്ങളുടെ വിജയകരമായ ദൗത്യം നടത്തിയിട്ടില്ല. 1998-ല്‍ ജപ്പാന്‍ നടത്തിയ നോസോമി എന്ന ദൗത്യം പാതിവഴിയില്‍ പരാജയപ്പെട്ടു. 1999-ല്‍ അമേരിക്ക വിക്ഷേപിച്ച മാര്‍സ് പോളാര്‍ ലാന്‍ഡര്‍, ചൊവ്വയില്‍ ഇറങ്ങുന്നതിനിടയില്‍ തകര്‍ന്നുപോയി. റഷ്യയെ അപേക്ഷിച്ച് അമേരിക്ക കൂടുതല്‍ വിജയകരമായ ചൊവ്വാദൗത്യങ്ങള്‍ നടത്തിയെങ്കിലും അമേരിക്കയുടെ വിജയശതമാനം ഏതാണ്ട് 68 മാത്രമേയുള്ളൂ. 2003 ഡിസംബറില്‍ നടന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി(ഇ.എസ്.എ.)യുടെ മാര്‍സ് എക്‌സ്​പ്രസ്സ് എന്ന ദൗത്യവും ഒരു ഭാഗികവിജയമായിരുന്നു. ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചെങ്കിലും ഇതില്‍നിന്ന് ചൊവ്വയിലിറങ്ങാന്‍ ശ്രമിച്ച ബീഗിള്‍-2 എന്ന വാഹനം ഇറങ്ങുന്നതിനിടയില്‍ തകര്‍ന്നുപോയി.
നാളിതുവരെ ചൊവ്വയില്‍നിന്ന് എന്തെങ്കിലും വസ്തുക്കളെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ദൗത്യം ആരും ഏറ്റെടുത്തിട്ടില്ല. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസില്‍നിന്ന് പാറകളും മറ്റുമായി തിരിച്ചുവരാനുള്ള റഷ്യയുടെ പദ്ധതിയാവട്ടെ 2011 നവംബറില്‍ പരാജപ്പെട്ടു.

സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ മനുഷ്യന് താമസിക്കാന്‍ സാധിക്കുമെന്ന് കരുതുന്ന ഗ്രഹമാണ് ഭൂമികുമാരനായ ചൊവ്വ. എന്നാവാം മനുഷ്യന്‍ ചൊവ്വയിലെത്തുക? ഒരുപക്ഷേ, അടുത്ത 30-40 കൊല്ലങ്ങള്‍ക്കകം ഇതുണ്ടാവാം എന്ന് ശാസ്ത്രലോകം കരുതുന്നു. ഇതിനുവേണ്ട അണിയറപ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്. ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച്, മനുഷ്യന് ചൊവ്വയിലെത്തണമെങ്കില്‍ മാസങ്ങളോളം യാത്ര ചെയ്യേണ്ടിവരും. ഒരു ഇടുങ്ങിയ കൃത്രിമപേടകത്തില്‍, മാസങ്ങളോളം യാത്രചെയ്യുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ പഠിക്കാന്‍ മാര്‍സ്-500 എന്ന പദ്ധതി 2007 മുതല്‍ 2011 വരെ റഷ്യയില്‍ നടത്തുകയുണ്ടായി. മൂന്ന് റഷ്യക്കാരും ഫ്രാന്‍സ്, ഇറ്റലി, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് ഓരോ ആള്‍വീതവും നീണ്ട 520 ദിവസങ്ങള്‍ ഭൂമിയില്‍ പ്രത്യേകമായി തയ്യാറാക്കിയ ഒരു പേടകത്തില്‍ താമസിച്ച്, വിവിധ പഠനങ്ങള്‍ നടത്തി. ചൊവ്വായാത്രയ്ക്ക് സഹായകരമാവുന്ന പല സുപ്രധാന വിവരങ്ങളും ഈ പരീക്ഷണത്തില്‍നിന്ന് ലഭിക്കുമെന്ന് കരുതുന്നു.
ഏതായാലും മനുഷ്യന്‍ ചൊവ്വയിലിറങ്ങുന്നതിന് ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍, കൃത്രിമ ഉപഗ്രഹങ്ങളും റോബോട്ട് നിയന്ത്രിത വാഹനങ്ങളും ഉപയോഗിച്ച് ചൊവ്വയെക്കുറിച്ചുള്ള പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഭൂമിയില്‍നിന്ന് വിക്ഷേപിച്ച് മാസങ്ങള്‍ യാത്രചെയ്ത് കോടിക്കണക്കിന് കിലോമീറ്റര്‍ ദൂരംതാണ്ടി, ചൊവ്വയുടെ ഗുരുത്വാകര്‍ഷണവലയത്തില്‍ പ്രവേശിച്ച് ചൊവ്വയെ വലംവെക്കുന്ന ഒരു കൃത്രിമപേടകം വികസിപ്പിച്ചെടുക്കുന്നത് സങ്കീര്‍ണമായ ഒരു സാങ്കേതികവിദ്യ സ്വായത്തമാക്കലാണ്.

ചൊവ്വയെ വലംവെക്കുന്ന ഒരു ഉപഗ്രഹം അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ രാജ്യവും. ഒരു അന്യഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ പ്രഥമദൗത്യം. മാര്‍സ് ഓര്‍ബിറ്റര്‍ എന്ന 1340 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ചൊവ്വയിലേക്ക് തൊടുത്തുവിടുന്നത്, നിരവധി ദൗത്യങ്ങള്‍ വിജയകരമായി നടത്തിയ പി.എസ്.എല്‍.വി. എന്ന വിക്ഷേപണവാഹിനി ഉപയോഗിച്ചിട്ടാണ്. ഈ ഒക്ടോബര്‍ അവസാനം ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹം മുന്നൂറോളം ദിവസങ്ങള്‍ യാത്രചെയ്ത് 2014 സപ്തംബറില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. നിരവധി നൂതനവും സങ്കീര്‍ണവുമായ സാങ്കേതികവിദ്യകള്‍ ഈ ദൗത്യത്തിലൂടെ ഇന്ത്യ സ്വന്തമാക്കും. തണുത്തുറഞ്ഞ, ഉപകരണങ്ങളെ നിര്‍ജ്ജീവമാക്കാന്‍ കഴിവുള്ള അപകടകരമായ വികിരണസാന്നിധ്യമുള്ള ബഹിരാകാശത്തിലൂടെ മാസങ്ങള്‍നീളുന്ന നീണ്ടയാത്ര. ഇതിനുവേണ്ട ഊര്‍ജം ഉത്പാദിപ്പിക്കല്‍, പേടകനിയന്ത്രണ സംവിധാനം വികസിപ്പിച്ചെടുക്ക ല്‍, പേടകവും ഭൂമിയിലെ നിയന്ത്രണകേന്ദ്രവുമായുള്ള വാര്‍ത്താവിനിമയം തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഈ ഗ്രഹാന്തര യാത്രയില്‍ പരീക്ഷിക്കപ്പെടുകയാണ്. ഇന്ത്യതന്നെ വികസിപ്പിച്ചെടുത്ത അഞ്ച് ഉപകരണങ്ങള്‍ ചൊവ്വയിലെ ധാതുനിക്ഷേപം, അന്തരീക്ഷത്തിനുണ്ടാവുന്ന മാറ്റങ്ങള്‍, ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെങ്കില്‍ അതിനുകാരണമായേക്കാവുന്ന മീഥേന്‍ എന്ന വാതകം ഉണ്ടോ തുടങ്ങിയ പല പരീക്ഷണങ്ങളും നടത്തും. 120 കോടിയിലധികം വരുന്ന ജനസഞ്ചയത്തിന്റെ ആശീര്‍വാദവുമായി, പ്രകാശംപോലും ഇരുപതുമിനിറ്റില്‍ കൂടുതല്‍ സഞ്ചരിച്ചാല്‍മാത്രം എത്തിപ്പിടിക്കാന്‍ കഴിയുന്നത്രദൂരെ ഭൂമികുമാരനായ ചൊവ്വയിലേക്കുള്ള ഈ ദൗത്യം, ശാസ്ത്രസാങ്കേതിക പന്ഥാവില്‍ ഇന്ത്യ കൈവരിക്കുന്ന അതിസുപ്രധാനമായ ഒരു നാഴികക്കല്ലായിത്തീരും.

No comments:

Post a Comment