Sunday, October 27, 2013

ഐസോണ്‍- നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം!



ഐസോണ്‍ വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നിറയെ. നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രമെന്നു വിളിക്കപ്പെടുന്ന ഐസോണ്‍ (c/2012 s1) ധൂമകേതു 2013 ഒക്ടോബര്‍മുതല്‍ 2014 ജനുവരി 15 വരെ മാനത്തുണ്ടാകും. ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന ഡിസംബര്‍ 26ന് ഈ ധൂമകേതുവിന്റെ ശോഭ പൂര്‍ണചന്ദ്രന്റെ 15 മടങ്ങായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഭൂമിയില്‍നിന്ന് ആറുകോടി 42 ലക്ഷം കിലോമീറ്റര്‍ അകലെയാകും അപ്പോള്‍ ധൂമകേതുവിന്റെ സ്ഥാനം. എന്നാല്‍ ഇപ്പോഴിതാ ചില ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു, ഐസോണിന് പ്രതീക്ഷിച്ചത്രയും ശോഭയുണ്ടാവില്ലെന്ന്! ഇപ്പോള്‍ സെക്കന്‍ഡില്‍ 26 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഐസോണ്‍ മുമ്പു കരുതിയപോലെ ജനുവരി മധ്യംവരെ മാനത്ത് ശോഭയോടെ കാണാനും കഴിയില്ല. ധൂമകേതുവിലെ ഹിമകണങ്ങള്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടതാണ് ഇതിനു കാരണമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൂടാതെ ധൂമകേതുവിനെ ആവരണം ചെയ്തിരിക്കുന്ന സിലിക്കേറ്റ് ലവണങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ശോഭ കെടുത്തുന്നുണ്ടെന്നുമാണ് മറ്റൊരു കണ്ടെത്തല്‍. അതെന്തായാലും ലോകമെമ്പാടുമുള്ള വാനനിരീക്ഷകരും ശാസ്ത്രവിദ്യാര്‍ഥികളും ശാസ്ത്രസമൂഹം ഒന്നാകെയും കാത്തിരിക്കുകയാണ് ഐസോണിനായി.

2012 സെപ്തംബര്‍ 21ന് റഷ്യന്‍ വാനനിരീക്ഷകരായ വിറ്റാലി നൊവസ്കിയും ആര്‍ട്യം നൊവിചോനോയ്ക്കും ചേര്‍ന്നാണ് ഈ ധൂമകേതുവിനെ കണ്ടെത്തുന്നത്. ഇന്റര്‍നാഷണല്‍ സയന്റിഫിക് ഓപ്ടിക്കല്‍ നെറ്റ്വര്‍ക്കിന്റെ (International Scientific Optical Network-ISON) 16 ഇഞ്ച് റിഫ്ളക്ടര്‍ ദൂരദര്‍ശിനി ഉപയോഗിച്ചാണ് അവര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. എന്നാല്‍ ഇതൊരു ധൂമകേതുവാണെന്ന് അന്ന് മനസ്സിലായിരുന്നില്ല. പിന്നീട് മറ്റു ചില ജ്യോതിശാസ്ത്രജ്ഞരുടെ അന്വേഷണമാണ് ഈ ദ്രവ്യപിണ്ഡം ഒരു ധൂമകേതുവാണെന്ന് സ്ഥിരീകരിച്ചത്. അതുകൊണ്ടാണ് പതിവിനു വിപരീതമായി ഈ ധൂമകേതുവിനു മാത്രം അത് കണ്ടെത്തിയ വാനനിരീക്ഷകരുടെ പേര് നല്‍കാതിരുന്നത്. സൗരയൂഥത്തിന്റെ അതിര്‍ത്തികളിലുള്ള ഊര്‍ട്ട് മേഘങ്ങളാണ് ഐസോണിന്റെ ജന്മനാടെന്നു കരുതപ്പെടുന്നത്. ഭൂമിയില്‍നിന്ന്ഏകദേശം 75,000 കോടി കിലോമീറ്റര്‍ (50,-000 AU) അകലെയാണവ ഉള്ളത്. അവിടെനിന്നു പുറപ്പെട്ട് ഒരു അതിദീര്‍ഘ വൃത്തപഥത്തില്‍ (Parabola) സൂര്യനെ സമീപിക്കുന്ന ഈ സൂര്യസ്പര്‍ശി ധൂമകേതു (Sungrazing comet) 2013 നവംബര്‍ 28ന് സൂര്യന്റെ തൊട്ടടുത്തെത്തുമ്പോള്‍ സൗരോപരിതലത്തില്‍നിന്ന് ധൂമകേതുവിലേക്കുള്ള ദൂരം കേവലം 11 ലക്ഷം കിലോമീറ്റര്‍ മാത്രമാകും. ഇത്രയധികം സൗരസാമീപ്യമുള്ള ധൂമകേതുക്കള്‍ അപൂര്‍വമാണ്.

ധൂമകേതുക്കള്‍: ജീവന്റെ സന്ദേശവാഹകര്‍

മലിനഹിമകണങ്ങള്‍ (Dirty snowballs) എന്നാണ് വാല്‍നക്ഷത്രങ്ങളെന്ന ഓമനപ്പേരിലറിയപ്പെടുന്ന ധൂമകേതുക്കളെ ജ്യോതിശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. പൊടിപടലങ്ങളും തണുത്തുറഞ്ഞ വാതകങ്ങളും ഹിമവും കൂടിച്ചേര്‍ന്ന ഈ ദ്രവ്യപിണ്ഡത്തിന് നിശ്ചിത ആകൃതിയൊന്നുമില്ല. ഏകദേശം 500 കോടി വര്‍ഷം മുമ്പ് സൗരയൂഥത്തിന്റെ രൂപീകരണവേളയില്‍ത്തന്നെയാണ് ധൂമകേതുക്കളും പിറവിയെടുക്കുന്നത്. ഗ്രഹരൂപീകരണത്തില്‍ പങ്കാളിയാവാന്‍ കഴിയാതെപോയ ദ്രവ്യ ശകലങ്ങളാണിവ. സൗരയൂഥത്തില്‍ പ്ലൂട്ടോയ്ക്കും വെളിയില്‍ സൂര്യനില്‍നിന്ന് ഏകദേശം ഒരു പ്രകാശവര്‍ഷം അകലെവരെ കാണപ്പെടുന്ന ഊര്‍ട്ട് മേഘങ്ങളാണ് ധൂമകേതുക്കളുടെ ഗര്‍ഭഗൃഹം. ഭൂമിയില്‍നിന്ന് 50,000 അസ്ട്രോണമിക്കല്‍ യൂണിറ്റ് അകലെയാണത്. ഒരു അസ്ട്രോണമിക്കല്‍ യൂണിറ്റ് ഏകദേശം 15 കോടി കിലോമീറ്ററാണ്. അതുകൂടാതെ സൗരയൂഥത്തില്‍ നെപ്ട്യൂണിനും പ്ലൂട്ടോയ്ക്കും ഇടയിലുള്ള കുയ്പര്‍ബെല്‍ട്ടില്‍നിന്ന് ധൂമകേതുക്കള്‍ പിറവിയെടുക്കുന്നുണ്ട്.

സൂര്യന്റെ ഗുരുത്വബലത്തിനു വിധേയമായി സഞ്ചരിക്കുന്ന ധൂമകേതുക്കള്‍ സൂര്യനോടടുക്കുമ്പോള്‍ സൗരവാതങ്ങളുടെ ആക്രമണത്തിനിരയാവുകയും ഒപ്പം ജലതന്മാത്രകളില്‍നിന്ന് ഒരു ഹൈഡ്രജന്‍ ആറ്റം തെറിച്ചുപോവുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന ഹൈഡ്രജന്‍ ആറ്റവും ഹൈഡ്രജന്‍ നഷ്ടപ്പെട്ട ജലതന്മാത്രകളും Hydroxil ions ജലബാഷ്പവും ചേര്‍ന്ന് ഹിമപിണ്ഡത്തിനു ചുറ്റും ഏതാനും ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ള ഒരു അന്തരീക്ഷമായി മാറും. ഇതിനെ കോമ (coma) എന്നാണ് വിളിക്കുന്നത്. ഗ്രീക് ഭാഷയില്‍ "തല" എന്നാണിതിനര്‍ഥം. സൗരവികിരണങ്ങളുടെ മര്‍ദം കാരണം കോമയില്‍നിന്നു കുറേ ഭാഗം സൂര്യന്റെ എതിര്‍ദിശയില്‍ നീളും. അപ്പോഴാണിത് ധൂമകേതു-കൊമെറ്റ് ആകുന്നത്. കൊമെറ്റിറ്റ് എന്ന വാക്കിന് ഗ്രീക് ഭാഷയില്‍ തലമുടി എന്നാണര്‍ഥം. സൂര്യനെ സമീപിക്കുന്നതോടെ സൗരവികിരണങ്ങളുടെ തീവ്രത വര്‍ധിക്കുകയും ധൂമകേതുവിന്റെ തലയും വാലും വലുതാവുകയും ചെയ്യും. വാലിന്റെ നീളം ദശലക്ഷക്കണക്കിന് കിലോമീറ്ററുകളാകും
- See more at: http://www.deshabhimani.com/newscontent.php?id=336596#sthash.NfFNVwQ7.dpuf

No comments:

Post a Comment