Thursday, October 3, 2013

അതിരുകള്‍ ഭേദിച്ച് അനന്തതയിലേക്ക്



പ്രപഞ്ചത്തിന്‍െറ വിശാലതയിലേക്ക് വ്യാപിക്കുന്നില്ളെങ്കില്‍ അടുത്ത ഒരായിരം വര്‍ഷത്തിനപ്പുറം മനുഷ്യരാശി നിലനില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരൊറ്റ ഗ്രഹത്തില്‍ മാത്രമായി നിലനില്‍ക്കുന്ന ജീവനുമേല്‍ പതിക്കാവുന്ന ആപത്തുകള്‍ അത്രയേറെയാണ്. എന്നാല്‍, ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. നാം നക്ഷത്രങ്ങളിലേക്ക് കുടിയേറുകതന്നെ ചെയ്യും -സ്റ്റീഫന്‍ ഹോക്കിങ്
പ്രപഞ്ചത്തിന്‍െറ ഏതെങ്കിലും ഒരു കോണില്‍ നമ്മെ കൂടാതെ മറ്റേതെങ്കിലും ജീവിവര്‍ഗമുണ്ടോ എന്ന അന്വേഷണം ശാസ്ത്രലോകത്ത് ഏറെ സജീവമായ സാഹചര്യത്തിലാണ്, ഏതാനും വര്‍ഷം മുമ്പ് ഹോക്കിങ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഹോക്കിങ്ങിന്‍െറ പ്രസ്താവനയോട് ശാസ്ത്രം അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് പല വാര്‍ത്തകളും നല്‍കുന്ന സൂചന. സമീപ ഭാവിയില്‍തന്നെ അന്യഗ്രഹ ജീവികളെക്കുറിച്ച നിര്‍ണായക വിവരങ്ങള്‍ നമുക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ മേഖലയിലെ ഗവേഷണങ്ങള്‍ അത്രയേറെ മുന്നോട്ടുപോയിട്ടുണ്ട്്. എത്രത്തോളമെന്നാല്‍, പ്രപഞ്ചത്തില്‍ സൗരയൂഥത്തിന് പുറത്ത് ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ആയിരത്തിലധികം ഗ്രഹങ്ങളെതന്നെ നാം കണ്ടത്തെിയിരിക്കുന്നു. ഇത്തരത്തിലുള്ള ഗ്രഹങ്ങളെ കണ്ടത്തൊന്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പ്രത്യേക പദ്ധതിതന്നെ ആരംഭിച്ചിട്ടുണ്ട്-കെപ്ളര്‍ ദൗത്യം. ഇപ്പോള്‍ കണ്ടത്തെിയിട്ടുള്ള ഗ്രഹങ്ങളില്‍ ഒന്നുകില്‍ ഇപ്പോള്‍ ജീവനുണ്ട്, അല്ളെങ്കില്‍ അവിടെ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യമുണ്ട്. ഗവേഷണം ഇത്രയും പുരോഗമിക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്: ഇങ്ങനെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഗ്രഹങ്ങളിലേക്കുള്ള യാത്ര എങ്ങനെ സാധ്യമാകും?
ഭൂമിയില്‍നിന്ന് 3.8 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയുള്ള ചന്ദ്രനിലേക്ക് നടത്തിയ പര്യവേക്ഷണമാണ് മനുഷ്യന്‍െറ ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്ര. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം, സമീപഗ്രഹമായ ചൊവ്വയിലേക്ക് യാത്രപോകാനുള്ള ഒരുക്കത്തിലാണ് നാം. ഭൂമിയില്‍നിന്ന് 5.4 കോടി കിലോമീറ്റര്‍ ദൂരമുണ്ട് ഈ ചുവന്ന ഗ്രഹത്തിലേക്ക്. മറ്റൊരര്‍ഥത്തില്‍, ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും തൊട്ടടുത്തുള്ള ഗ്രഹത്തിലേക്ക് കുടിയേറാനുള്ള സാങ്കേതികവിദ്യപോലും നാം ഇതുവരെയും ആര്‍ജിച്ചിട്ടില്ല. പ്രപഞ്ചത്തിന്‍െറ വിശാലത തേടിയുള്ള ശാസ്ത്രാന്വേഷണത്തിന്‍െറ പരിമിതിയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ശാസ്ത്രലോകം തൊടുത്തുവിട്ട ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങളില്‍ ഒരെണ്ണം സൗരയൂഥത്തിന്‍െറ അതിര്‍ത്തി ഭേദിച്ച് പുറത്തുകടന്നുവെന്ന വാര്‍ത്ത ഈ പരിമിതിക്കുള്ളിലും ഗവേഷകരെ ആവേശഭരിതരാക്കും. കാരണം സൗരയൂഥത്തിന് അപ്പുറം, ശാസ്ത്രകഥകളില്‍ മാത്രം നാം കേട്ടുപരിചയിച്ച നക്ഷത്രാന്തര ലോകം എങ്ങനെയായിരിക്കും എന്നതിന്‍െറ സൂചന ‘അതിരുകടന്ന’ ഈ കൃത്രിമോപഗ്രഹം നല്‍കിയേക്കും. 36 വര്‍ഷങ്ങള്‍ക്കപ്പുറം, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെ (വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍) കുറിച്ച് പഠിക്കാന്‍ നാസ വിക്ഷേപിച്ച വോയജര്‍-1 എന്ന വാഹനമാണ് സൗരയൂഥത്തിന്‍െറ അതിര്‍ത്തി കടന്ന് ഇപ്പോഴും യാത്ര തുടരുന്നത്. 1970കളിലെ സോവിയറ്റ്-അമേരിക്ക ‘സ്പേസ് വാറിന്‍െറ’ കാലത്തുതന്നെയാണ് നാസ ബാഹ്യഗ്രഹ പര്യവേക്ഷണത്തിനായി വോയജര്‍ പദ്ധതിക്ക് രൂപംനല്‍കിയത്. ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച് സോവിയറ്റ് യൂനിയനെ പരാജയപ്പെടുത്തി നില്‍ക്കെയാണ് നാസ മറ്റൊരു ദൗത്യത്തിനൊരുങ്ങിയത്. 1977 ആഗസ്റ്റ് 20ന് കേപ് കനോവറില്‍നിന്നാണ് വോയജര്‍-2 വിക്ഷേപിച്ചത്. അതു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് വോയജര്‍-1 വിക്ഷേപിച്ചത്. എന്നാല്‍, കുറുക്കുവഴിയിലൂടെ വോയജര്‍-1 ആണ് ആദ്യമായി വ്യാഴത്തിനടുത്തത്തെിയത്. ഈ ഗ്രഹത്തിന്‍െറയും അതിന്‍െറ ഉപഗ്രഹങ്ങളുടെയും (എഴുപതിലധികം ഉപഗ്രഹങ്ങളുണ്ട് വ്യാഴത്തിന്) നിരവധി ചിത്രങ്ങള്‍ അക്കാലത്ത് വോയജര്‍-1 ഭൂമിയിലേക്ക് അയക്കുകയുണ്ടായി. അയോ എന്ന ഉപഗ്രഹത്തിലെ അഗ്നിപര്‍വതങ്ങളെക്കുറിച്ചും യൂറോപ്പയിലെ സമുദ്രത്തെക്കുറിച്ചുമെല്ലാം വോയജര്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കി. ശനിഗ്രഹത്തെപ്പോലത്തെന്നെ വ്യാഴത്തിനും ഇരുണ്ട പൊടിപടല വലയമുണ്ടെന്ന് കണ്ടത്തെിയതും വോയജറിന്‍െറ കാമറകളാണ്. പിന്നീട് വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ചും ഈ കൃത്രിമോപഗ്രഹം വിവരങ്ങള്‍ നല്‍കുകയുണ്ടായി. 1989ല്‍ വോയജര്‍-1ന്‍െറ വിക്ഷേപണദൗത്യം അവസാനിച്ചുവെങ്കിലും അതിന്‍െറ യാത്ര തുടര്‍ന്നു. ഒപ്പം നിരന്തരമായി അതില്‍നിന്ന് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നാസയുടെ പാസദേനയിലെ ജെറ്റ് പ്രൊപല്‍ഷന്‍ സെന്‍ററിലേക്കാണ് വോയജറിന്‍െറ സന്ദേശങ്ങള്‍ ലഭിക്കുന്നത്. സെപ്റ്റംബര്‍ 12നാണ് വോയജര്‍ സൗരയൂഥത്തിന്‍െറ അതിര്‍ത്തി ഭേദിച്ചുവെന്ന് നാസ അറിയിച്ചത്. ലോകത്തെ വിവിധ റേഡിയോ ടെലിസ്കോപ്പുകളുടെ ശൃംഖലയായ വി.എല്‍.ബി.എ കഴിഞ്ഞ ഫെബ്രുവരിയില്‍ പകര്‍ത്തിയ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് നാസ ചരിത്രപ്രധാനമായ ഈ വാര്‍ത്ത പുറത്തുവിട്ടത്. സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ എന്ന നിരക്കില്‍ അത് ഇപ്പോഴും പുറത്തേക്ക് സഞ്ചരിക്കുന്നു. 14 ബില്യന്‍ കിലോമീറ്റര്‍ പിന്നിട്ട് വോയജര്‍ സൂര്യന്‍െറ സ്വാധീനവലയത്തിന്‍െറ പുറംഭാഗത്തുള്ള ഹീലിയോപോസിലത്തെിയിരിക്കുന്നു. വോയജറിനെ സംബന്ധിച്ചിടത്തോളം, ആകാശഗംഗയിലെ കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ ഒന്നുമാത്രമായിരിക്കും ഇനി സൂര്യന്‍. അഥവാ, ഇനി ജെറ്റ് പ്രൊപല്‍ഷന്‍ സെന്‍ററിലത്തെുക സൗരയൂഥത്തിന്‍െറ അതിര്‍ത്തിയെക്കുറിച്ച നിര്‍ണായക വിവരങ്ങളായിരിക്കും. ഭാവിയില്‍ മനുഷ്യന്‍ സൗരയൂഥത്തെ ഭേദിക്കുന്നത് ഈ വിവരങ്ങളെ ആശ്രയിച്ചായിരിക്കും.
മനുഷ്യനിര്‍മിതമായ ഒരു വസ്തു സൗരയൂഥത്തിന്‍െറ അതിര്‍ത്തി ഭേദിച്ചുവെന്ന് വെറുതെയങ്ങ് ഒഴുക്കന്‍മട്ടില്‍ പറഞ്ഞുപോകാന്‍ സാധിക്കില്ല. വോയജറിന്‍െറ ഈ അദ്ഭുത യാത്ര നമ്മെ കൂടുതല്‍ അദ്ഭുതപ്പെടുത്തുക അത് പിന്നിട്ട വഴികളെക്കുറിച്ച് കൂടുതല്‍ അറിയുമ്പോഴാണ്. അതിന് സൗരയൂഥത്തിന്‍െറ വലുപ്പത്തെക്കുറിച്ച് കേവല ധാരണയെങ്കിലും ഉണ്ടായിരിക്കണം. പ്രശസ്ത ജനപ്രിയ ശാസ്ത്രകാരനായ ബില്‍ ബ്രൈസന്‍ അദ്ദേഹത്തിന്‍െറ ‘എ ഷോട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതിങ്’ എന്ന ഗ്രന്ഥത്തില്‍ സൗരയൂഥത്തിന്‍െറ വലുപ്പം വിശദീകരിക്കുന്നത് ഏറെ രസകരമാണ്. അദ്ദേഹം എഴുതുന്നു: പ്രപഞ്ചത്തിലെ ചെറിയ ഒരിടം മാത്രമാണ് നാം വസിക്കുന്ന ഭൂമിയുള്‍ക്കൊള്ളുന്ന സൗരയൂഥം. സ്കൂള്‍ ക്ളാസുകളില്‍ തൂക്കിയിട്ട ചാര്‍ട്ടുകളില്‍ നിരനിരയായി ചേര്‍ന്നുനില്‍ക്കുന്ന എട്ടു ഗ്രഹങ്ങളും അനുബന്ധ ഉപഗ്രഹങ്ങളുമൊക്കെ ചേര്‍ന്നതാണ് നമുക്ക് ‘സൗരയൂഥം’. അതുപ്രകാരം ഭൂമിക്ക് ‘തൊട്ടടുത്താണ്’ ചന്ദ്രന്‍; ‘അതിനപ്പുറം’ ചൊവ്വ. അതുപോലെ, വ്യാഴത്തിന് ‘തൊട്ടപ്പുറം’ നെപ്റ്റ്യൂണ്‍. യഥാര്‍ഥത്തില്‍ ഇവയൊക്കെ തമ്മിലുള്ള അകലം എത്രയാണ്? സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് ഒരാള്‍ക്ക് പ്രകാശവേഗത്തില്‍ (സെക്കന്‍ഡില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍) സഞ്ചരിക്കാനെടുക്കുന്ന സമയം എട്ടു മിനിറ്റ് ആണ്. അത്രയും ദൂരത്തെയാണ് ഒരു അസ്ട്രോണമിക്കല്‍ യൂനിറ്റ് (1AU) എന്നു പറയുന്നത്. ഭൂമിയും വ്യാഴവും തമ്മില്‍ 4.24AU അകലമുണ്ട്. ഇതിനേക്കാള്‍ ചുരുങ്ങിയത് അഞ്ചു മടങ്ങ് അകലമുണ്ട് വ്യാഴവും നെപ്റ്റ്യൂണും തമ്മില്‍. മറ്റൊരു കണക്കനുസരിച്ച് വ്യാഴത്തിലത്തെുന്ന സൂര്യപ്രകാശത്തിന്‍െറ വെറും മൂന്ന് ശതമാനം മാത്രമാണ് നെപ്റ്റ്യൂണിലത്തെുന്നത്. ഇനി, സൗരയൂഥത്തിന്‍െറ അതിര്‍വരമ്പ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന (നേരത്തേ പരാമര്‍ശിച്ച ഹീലിയോ പോസിന് ശേഷമാണ് ഈ ഭാഗം) ഊര്‍ട്ട് മേഘത്തിന്‍െറ സാന്ദ്രഭാഗത്തേക്ക് സൂര്യനില്‍നിന്ന് 50,000 AU ദൂരമുണ്ട്. അതായത്, ഭൂമിയില്‍നിന്ന് ഒരാള്‍ക്ക് പ്രകാശവേഗത്തില്‍ ഊര്‍ട്ട് മേഘത്തിന്‍െറ ഹൃദയഭാഗത്ത് എത്തിച്ചേരാന്‍ 19 ദിവസം വേണം (വോയജറിന്‍െറ വേഗത മണിക്കൂറില്‍ വെറും 46,000 കിലോമീറ്ററാണ്). ഇനി ചാര്‍ട്ടിലെ ഭൂമിയെ ഒരു ബിന്ദുവായി അടയാളപ്പെടുത്തുക. ആ സ്കെയില്‍ അനുസരിച്ച്, ഊര്‍ട്ട് മേഘത്തെ ചാര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടത് ഭൂമിയില്‍നിന്ന് 300 മീറ്റര്‍ അകലത്തിലായിരിക്കണം. അഥവാ, സൗരയൂഥത്തിന്‍െറ ചെറിയ മാതൃക വരച്ചുകാണിക്കണമെങ്കില്‍പോലും നമുക്ക് ഒരു മൈതാനംതന്നെ വേണ്ടിവരും. അപ്പോള്‍ അത്രയും വിശാലമാണ് നമ്മുടെ സൗരയൂഥം.
ഈ സൗരയൂഥത്തിന്‍െറ അതിര്‍ത്തിക്കപ്പുറത്തുള്ള കാഴ്ചകളാണ് വരുംദിവസങ്ങളില്‍ നാം കാണാന്‍ പോകുന്നത്. അതിനാല്‍, വോയജര്‍ സൃഷ്ടിച്ച അദ്ഭുതങ്ങള്‍ തുടരുമെന്നുതന്നെയാണ് പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ എഡ് സ്റ്റോണ്‍ പറയുന്നത്. കാരണം, ഇനിയും 15 വര്‍ഷത്തേക്കെങ്കിലും അത് ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചുകൊണ്ടിരിക്കും. ഇക്കാലമത്രയും അതിന്‍െറ സേവനം ശാസ്ത്രലോകത്തിന് പ്രയോജനപ്പെടുത്താം. ഈ സമയത്ത്, അത് ഗാലക്സിയിലെ നക്ഷത്രങ്ങള്‍ക്കിടയിലുള്ള ശൂന്യസ്ഥലത്തായിരിക്കും. അങ്ങനെയെങ്കില്‍ ഈ മേഖലകളെക്കുറിച്ചും പുതിയ വിവരങ്ങള്‍ തരാന്‍ വോയജറിന് സാധിക്കും. വോയജര്‍ വാഹനങ്ങളുടെ യാത്ര എങ്ങോട്ട് എന്നതിനെക്കുറിച്ച് നാസക്ക് കൃത്യമായ ധാരണയുണ്ട്. യാത്ര തുടരുകയാണെങ്കില്‍, എസി +793888 എന്ന നക്ഷത്രത്തിനടുത്തേക്കായിരിക്കും വോയജര്‍-1 പോവുകയെന്ന് സ്റ്റോണ്‍ പറയുന്നു. പക്ഷേ, ഇതിന് ഇനിയും രണ്ടു പ്രകാശവര്‍ഷം സഞ്ചരിക്കേണ്ടിവരും. വോയജര്‍-2 ഒരു പ്രകാശവര്‍ഷം ദൂരംകൂടി സഞ്ചരിച്ചാല്‍ റോസ് 248 എന്ന നക്ഷത്രത്തിനടുത്തത്തെും. പക്ഷേ, ഇതിന് ചുരുങ്ങിയത് 40,000 വര്‍ഷമെങ്കിലും എടുക്കും.

No comments:

Post a Comment