Saturday, November 2, 2013

ചൊവ്വയിലേക്ക്

 

T- T T+
തിരുവനന്തപുരം: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ'യുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ രണ്ടുദിവസം മുമ്പ് ഐ.എസ്.ആര്‍.ഒയ്ക്ക് ഒരു ആശംസാസന്ദേശം. '......ചൊവ്വാപര്യവേക്ഷണത്തിന് നിങ്ങള്‍ ഒരുങ്ങുകയാണല്ലോ. എല്ലാം സജ്ജമായെങ്കിലും ഒന്ന് മറക്കരുത്; ഉപഗ്രഹ വിക്ഷേപണത്തിന് മുമ്പ് കടല തിന്നുക. അത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. എല്ലാവര്‍ക്കും കടലയുടെ മേല്‍ ആശംസകള്‍....'
ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ അറുപതുകളിലാണ് നാസ റേഞ്ചര്‍ റോക്കറ്റ് അയച്ചത്. ഒന്നിനുപുറകെ ഒന്നായി ആറു ദൗത്യങ്ങള്‍ പരാജയപ്പെട്ടു. ഹതാശരായി ഏഴാം ദൗത്യത്തിന് ഒരുങ്ങവെ റോക്കറ്റുണ്ടാക്കിയ ജെറ്റ് പ്രൊപ്പല്‍ഷന്‍ കേന്ദ്രത്തിലെ ഒരു യുവശാസ്ത്രജ്ഞന്‍ സഹപ്രവര്‍ത്തകര്‍ക്ക് കടല വിതരണം ചെയ്തു. ദൗത്യം വിജയകരമായി. റേഞ്ചര്‍ റോക്കറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. പിന്നീട് 1969-ല്‍ നാസ മനുഷ്യനെ ചന്ദ്രനിലെത്തിച്ചു.
എല്ലാ പ്രധാന പര്യവേക്ഷണത്തിന് മുമ്പും കടല തിന്നുക എന്നത് പിന്നീട് നാസയില്‍ ഒരു കീഴ് വഴക്കമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കടല തിന്നുമോയെന്നറിയില്ല. എന്തായാലും നവംബര്‍ അഞ്ചിന് ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും പ്രധാന ദൗത്യത്തിന് തുടക്കം കുറിക്കുമ്പോള്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്; മംഗള്‍യാനമെന്ന് ചെല്ലപ്പേരുള്ള ഇന്ത്യയുടെ ചൊവ്വാദൗത്യം 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം)' വിജയകരമാകുമോ?
അമ്പതുകോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വികസ്വര രാജ്യം 450 കോടി രൂപ ചെലവില്‍ ചൊവ്വയിലെ മീഥേന്‍ സാന്നിധ്യം തേടി ഒരു ദൗത്യത്തിലേര്‍പ്പെടുന്നതിന്റെ യുക്തി പലര്‍ക്കും മനസ്സിലാകില്ല. എന്നാല്‍ ഇതൊരു ശക്തിപ്രകടനമാണ്. ഇപ്പോള്‍ തറവാട് ക്ഷയിച്ചെന്നേയുള്ളൂ. പണ്ട് ഞങ്ങള്‍ക്കും ആനയുണ്ടായിരുന്നു. ഭാവിയില്‍ ഞങ്ങളുടെ ശാസ്ത്രം ഈ ലോകം ഭരിക്കുമെന്ന് കാണിക്കാനുള്ള ശക്തിപ്രകടനം. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഐ.എസ്.ആര്‍.ഒ ഒരു വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാന്‍, ചൈന എന്നിവയ്ക്ക് മാത്രം കഴിഞ്ഞൊരു നേട്ടം. ഭൂമിയില്‍ നിന്ന് 40 കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വാഗ്രഹത്തിലേക്ക് ഒരു പേടകമയയ്ക്കുക, ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് വെറും 372 കി.മീ അടുത്തുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിഞ്ഞ് അവിടത്തെ വിശേഷങ്ങള്‍ അറിഞ്ഞ് ഭൂമിക്ക് നല്‍കുക എന്നിങ്ങനെയുള്ള ദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒയ്ക്ക് മുന്നിലുള്ളത്.
ചന്ദ്രയാന്‍ ഉപയോഗിച്ച തരത്തിലുള്ള പി.എസ്.എല്‍.വി-എക്‌സ്.എല്‍. റോക്കറ്റുപയോഗിച്ച് 1350 കി.മി ഭാരമുള്ള പേടകത്തെ 300 ദിവസം കൊണ്ടാണ് 40 കോടി കിലോമീറ്റര്‍ അകലെയെത്തിക്കുന്നത്.
ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന് ഒരുപാട് സവിശേഷതകളുണ്ട്. ദേശീയ ബജറ്റിന്റെ വെറും 0.01 ശതമാനം തുകയ്ക്കാണ് ഇത്തരമൊരു മഹാദൗത്യം ഇന്ത്യ നിറവേറ്റുന്നത്. ഇതുവരെയുള്ള എല്ലാ റോക്കറ്റുകളും ചൊവ്വയിലേക്ക് നേര്‍യാത്രയാണ് നടത്തിയത്. എന്നാല്‍ മംഗള്‍യാന്‍ ആകട്ടെ, ക്രമബദ്ധമായി വലുതാകുന്ന അഞ്ച് ഭ്രമണ പഥങ്ങളില്‍ ഭൂമിയെ ചുറ്റി ആറാം തവണയാണ് ചൊവ്വയുടെ ഭ്രമണപഥം പൂകുന്നത്. അഞ്ച് ഘട്ടങ്ങളില്‍ എരിഞ്ഞവസാനിക്കുന്ന, ഒടുവില്‍ ചൊവ്വയെ ചുറ്റിത്തിരിയാന്‍ ഊര്‍ജം കൊടുക്കുന്ന ആറ് എന്‍ജിനുകളുണ്ടാകും മംഗള്‍യാനില്‍. എല്ലാം കൃത്യമായി ഭവിച്ചാല്‍ 2014 സപ്തംബര്‍ 21 ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

No comments:

Post a Comment